Saturday, September 25, 2010


'ആരാണ് യഥാര്‍ഥ ഗുണ്ട?' അതായിരുന്നു ചാനല്‍ ചര്‍ച്ചയുടെ തലവാചകം.
ഇത്രാം തീയതി നട്ടപ്പാതിരക്ക് ഗുണ്ടകളുമായുള്ള അഭിമുഖവും കേരളത്തിലെ രാഷ്ട്രീയ, സാഹിത്യ മേഖലയിലുള്ള സകല വില്ലന്‍മാരും ഉള്‍പ്പെട്ട ചര്‍ച്ചകളും ലൈവായിട്ട് പ്രക്ഷേപിക്കും എന്നാണ് ചാനല്‍ കിളി മംഗ്ലീഷില്‍ മൊഴിഞ്ഞത്.
പ്രശ്‌നം അതല്ല. പ്രസ്തുത ചാനലില്‍ ഒരു പ്രാദേശിക റിപ്പോര്‍ട്ടറായി ഞാന്‍ പൊത്തിപ്പിടിച്ച് കേറീട്ട് അധിക കാലമായില്ല.  അതുകൊണ്ടുതന്ന ഒരു ഗുണ്ടയെ തേടിപ്പിടിക്കേണ്ടത് എന്റെ വിശപ്പിന്റെ നിലവിളിയായി. ഗുണ്ടകള്‍ക്ക് പൊതുവേ ഒരാഗോള മാര്‍ക്കറ്റുള്ള സമയമായതുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലും സംസ്ഥാനതലത്തിലും ജില്ലാ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തിലും ഒരു ഗുണ്ടയെ തേടിപ്പിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
പക്ഷേ, ഇവിടെ കീറാമുട്ടിയായി നില്‍ക്കുന്നത് ഗുണ്ടയല്ല. ചാനലിന്റെ തലവാചകമാണ്.
അതായത് 'ആരാണ് ഗുണ്ട' എന്നുമാത്രം ചോദിച്ചാല്‍ മതിയായിരുന്നു. അതിനിടക്ക് ഒരു 'യഥാര്‍ഥ' കടന്നുവന്നതാണ് പ്രശ്‌നമായത്.
അല്ലെങ്കിലും ഈ 'യാഥാര്‍ഥ്യം' എന്ന വാക്ക് എപ്പോഴും പ്രശ്‌നക്കാരനാണ്.
ആരാണ് യഥാര്‍ഥ ബുദ്ധിജീവി?
ആരാണ് യഥാര്‍ഥ ഗാന്ധിയന്‍?
ആരാണ് യഥാര്‍ഥ മതവിശ്വാസി?
ആരാണ് യഥാര്‍ഥ മനുഷ്യന്‍?
അങ്ങനെ ചോദിച്ചു തുടങ്ങിയാല്‍ 'ആരാണ് നിന്റെ യഥാര്‍ഥ അച്ഛന്‍' എന്നു വരെ ചോദിക്കാന്‍ തോന്നും.
ചോദിക്കുന്ന ആളുടെ സംശയം കേള്‍ക്കുന്ന ആളിലേക്കും പടര്‍ന്നുകഴിഞ്ഞാല്‍ രണ്ടിലൊരാള്‍ ഒരു വില്ലനായിത്തീരാനും സാധ്യതയുണ്ട്.
പറഞ്ഞുവരുന്നത് അതല്ല, യഥാര്‍ഥ ഗുണ്ടയെക്കുറിച്ചാണ്. അതായത് ഒരു 'മാതൃകാ ഗുണ്ട'യെക്കുറിച്ച്.
ഗുണ്ടകളെ കുറിച്ച് ഒരു റിസര്‍ച്ച് നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
കണ്ട സിനിമകളിലും വായിച്ച കഥകളിലും ഏതൊക്കെ
തരം ഗുണ്ടകളെ ആരൊക്കെ അവതരിപ്പിച്ചിട്ടുണ്ടെന്നും
അവരിലാരെങ്കിലും ഒരു മാതൃകാ ഗുണ്ടയുടെ  പൊതുസ്വഭാവം പ്രകടിപ്പിക്കുന്നുണ്ടോ എന്നുമായിരുന്നു ആദ്യ അന്വേഷണം. അന്വേഷണം ആ വഴിക്കായപ്പോള്‍ സംഗതി എളുപ്പമായി.
കിരീടം സിനിമയുടെ സ്‌ക്രീന്‍ പൊളിച്ച് കീരിക്കാടനാണ് പെട്ടെന്ന് മുന്നില്‍ വന്നുനിന്നത്.
കൊള്ളാം. ഒത്ത ഉയരം, ഉണ്ടക്കണ്ണുകള്‍... ഒരു ഗുണ്ടക്ക് വേണ്ട എല്ലാ ഗുണഗണങ്ങളുമുണ്ട്. പറഞ്ഞിട്ടെന്തുകാര്യം. കാണികള്‍ അവനെ ഒരു മാതൃകാ ഗുണ്ടയായി പരിഗണിക്കുന്നില്ല. അതാണ് കീരിക്കാടന്റെ ഒരു വീക്ക് പോയിന്റ്.
യവനികയിലെ തബലിസ്റ്റ്  അയ്യപ്പന്‍ വന്നു. അവനും കൊള്ളാം. നല്ലോണം മദ്യപിക്കും. ബലാല്‍സംഗിക്കാനും മിടുക്കനാണ്. പക്ഷേ, ഒരു വില്ലന്‍ എന്നതിലപ്പുറം ഗുണ്ടകള്‍ക്കൊരു മാതൃകയാവാന്‍ അയ്യപ്പനും പറ്റുന്നില്ല.
നല്ല എണ്ണംപറഞ്ഞ വില്ലന്മാരെ അവതരിപ്പിച്ച സകല നടന്‍മാരുടെയും പ്രകടനങ്ങള്‍ ശ്രദ്ധിച്ചു.
ജോസ്പ്രകാശ്
കെ.പി. ഉമ്മര്‍
ടി.ജി. രവി
എം.ആര്‍. രാധ
എം.എന്‍. നമ്പ്യാര്‍
ഇല്ല. ഇവരൊക്കെ കേവലം വില്ലന്‍മാര്‍ മാത്രം. മാതൃകാ ഗുണ്ടകളാകാന്‍ ഇവരൊന്നും പോരാ. അങ്ങനെ ആലോചിച്ചപ്പോഴാണ് എനിക്കൊരു സത്യം ബോധ്യപ്പെട്ടത്.
ഗുണ്ടകളാകാന്‍ വില്ലന്‍മാരായാല്‍ മാത്രം പോര. നായകന്‍മാരാകണം. ദേവാസുരത്തിലെ 'നായകന്‍' ഒരു മാതൃകാ ഗുണ്ടയല്ലേ? ഇന്ത്യന്‍ എന്ന സിനിമയിലെ നായകന്‍ ഒരു യഥാര്‍ഥ ഗുണ്ടക്ക് പറ്റുന്ന ചേരുവയല്ലേ? 'നായകന്‍' എന്ന സിനിമയിലെ നായകന്‍ തന്നെ ഒരു ഗുണ്ടയല്ലേ?
'യുറീക്ക' എന്ന് ഞാനുറക്കെ വിളിച്ചുപോയി. ഞാന്‍ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ ഗുണ്ടകള്‍ എങ്ങനെയായിരിക്കണമെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
രാജാവിന്റെ മകന്‍...
അഭിമന്യൂ...
ഡോണ്‍....
റൗഡി...
ദേവാസുരം...
വുഡ് ബാഡ് ഹഗ്ലി...
എത്ര പേരെ വേണമെങ്കിലും വെടിവെച്ചുകൊന്നോട്ടെ. പക്ഷേ, ഗുണ്ടക്ക് മനുഷ്യസ്‌നേഹം വേണം. എത്ര കോടികള്‍ വേണമെങ്കിലും കട്ടുമുടിച്ചോട്ടെ. പക്ഷേ, ഗുണ്ടക്ക് രാജ്യസ്‌നേഹംവേണം. എത്രപേരെ വേണമെങ്കിലും ബലാല്‍സംഗം ചെയ്‌തോട്ടെ. പക്ഷേ, നായികയെ മാത്രമേ കല്യാണം കഴിക്കാവൂ... അത്തരമൊരു ഗുണ്ടയെത്തേടി ഞാന്‍ കാമറയും തൂക്കിയിറങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു വിളി.
തിരിഞ്ഞുനോക്കിയപ്പോള്‍... അതാ നില്‍ക്കുന്നു. കായംകുളം കൊച്ചുണ്ണി! ഈശ്വരാ... ഇവനല്ലേ... യഥാര്‍ഥ ഗുണ്ട.