Saturday, November 20, 2010

പഴനി വണ്ടി ഒരോര്‍മ്മ

പാലക്കാട്ടു നിന്നും പുറപ്പെട്ട് പാമ്പന്‍പാലവും കടന്ന് അങ്ങ് രാമേശ്വരം വരേക്കും പോകുമെങ്കിലും പൊതുവെ ആ വണ്ടിയെ എല്ലാവരും പഴനിവണ്ടി എന്നാണ് വിളിച്ചിരുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ള മുരുക ഭക്തരായതുകൊണ്ട് അവരായിരിക്കണം ഈ വണ്ടിക്ക് ഇങ്ങനെ ഒരു പേരിട്ടത്.
ഇന്നിപ്പോ ആ വണ്ടിയും അതോടിപോയിരുന്ന മീറ്റര്‍ ഗേജ് റെയില്‍പാളവും ഒന്നും നിലവിലില്ല. വികസനത്തിന്റെ പുതിയ പാത വരുന്നതു കണ്ട് പേടിച്ചിട്ടാവണം ഇന്നലെയുടെ പിന്നാമ്പുറത്തേക്ക് അത്  ഓടിമറഞ്ഞിരിക്കുന്നു. പക്ഷേ ആ വണ്ടിയില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ഓര്‍മ്മയുടെ പച്ചപ്പില്‍ നിന്ന് അത്ര കെപട്ടെന്നൊന്നും യാത്രക്കാരന് കുതറി മാറാനാവില്ല.
പൊതുവെ ആ വണ്ടിയുടെ എല്ലാ കമ്പാര്‍ട്ടുമെന്റുകള്‍ക്കും പഴനി മലയുടെ ഒരു മണമായിരുന്നു. പഞ്ചാമൃതത്തിന്റെയും, കളഭത്തിന്റെയും, ചന്ദനത്തിനിരയുടെയും, ഠഅട പട്ടണം പൊടിയുടെയും, പോര്‍ക്കുകള്‍ കുത്തി മറിയുന്ന അഴുക്കു ചാലിന്‍േറയും, കുതിര ചാണകത്തിന്റെയും അങ്ങിനെ എല്ലാം കൂടി കലങ്ങി മറിഞ്ഞ ഒരു സമ്മിശ്ര ഗന്ധം. എന്നിരുന്നാലും അതിലെ ഓരോ യാത്രയും ഓരോ അനുഭവമായിരുന്നു.
പാലക്കാട്ടു നിന്നും കൂക്കിപാഞ്ഞ് കരിമ്പിന്‍ പാടങ്ങളിലൂടെ സൂര്യകാന്തി തോട്ടങ്ങളിലൂടെ നിലക്കടലാ കൃഷിയിടങ്ങളിലൂടെ കാറ്റാടി പാടങ്ങളിലൂടെ ഒരു പൂക്കാവടിപോലെ ആടിയുലഞ്ഞ് ''ഹരഹരോ'' എന്ന ഒരു താളത്തോടെയാണ് അതിന്റെ പോക്ക്.
''സര്‍ ടൈം പാസ്, ടൂ റൂപ്പീസ്'' എന്ന മുഖവുരയോടെ ഇടക്കുള്ള സ്‌റ്റേഷനില്‍ നിന്ന് ചില ലൊട്ടുലൊടുക്ക് കച്ചവടക്കാര്‍ കയറും. പച്ച പട്ടാണി കടല പുഴുങ്ങിയത്. നിലക്കടല പുഴുങ്ങിയത്. സാധാ കടല പുഴുങ്ങിയത്, അതൊക്കെ ഓരോരോ പാത്രത്തിലാക്കി വലിയ ഉള്ളിയും മല്ലിച്ചപ്പും നുനു നുനുന്നനെ അരിഞ്ഞ് ചേര്‍ത്ത് രണ്ടു രൂപക്കും അഞ്ചു രൂപക്കും കടലാസു കുമ്പിളില്‍ ആവശ്യക്കാര്‍ക്ക് അളന്നു കൊടുക്കുന്നവര്‍. അവര്‍ വന്നാല്‍ ആ വണ്ടിക്ക് ഒരു അടുക്കളയുടെ മണം വരും. പിന്നെ ചെറിയ ഓറഞ്ച്, സബര്‍ജില്ലി, സപ്പോട്ട ഇതൊക്കെ കുട്ടയിലാക്കി കച്ചവടം ചെയ്യുന്നവരും വരും. അവര്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കാനായി ''പാല്‍മണക്ക്ത്.. പഴം മണക്ക്ത് പഴണി മലയിലെ'' എന്ന് നീട്ടിപാടി ചില അന്ധഗായക സംഘങ്ങളും കയറും. എന്തായാലും യാത്ര ബോറഡിക്കില്ല.


വണ്ടി പൊള്ളാച്ചിയിലെത്തിയാല്‍ ആറോ ഏഴോ രൂപ കൊടുത്താല്‍ തൈരു സാധം. എലുമ്പിച്ചാമ്പഴ സാധം (അതായത് നാരങ്ങചോറ്) എന്നിവ ഊരുകായും ചേര്‍ത്ത് പൊതികളായി വാങ്ങി സാപ്പിടാം. മെതു വടയും, വിധവിധമാന ശട്ട്ണികളുടന്‍ ഇഡ്ഡലികളും കിട്ടും. രണ്ടുപൊതി വാങ്ങിയാല്‍ ഒരാളുടെ വിശപ്പ് തല്‍ക്കാലം ശമിപ്പിക്കാം പിന്നെ മുല്ല, മല്ലി, പിച്ചകം, കനകാംബര മാലകളുമായി പൂക്കാരി അക്കമാര്‍ വരും. അപ്പോള്‍ വണ്ടിയില്‍ പൂമണം പരക്കും. കൈ മുട്ടാണ് പൂക്കാരത്തികളുടെ അളവുകോല്‍. എത്ര ശ്രദ്ധിച്ച് അളന്നാലും അഞ്ചുമുളം വാങ്ങിയാല്‍ രണ്ടുമുളം കുറയും.
പിന്നെ വേറൊരു കൂട്ടരുണ്ട്. തല ചന്ദനത്തില്‍ പൂഴ്ത്തി എടുത്തുതുപോലെയുള്ള മൊട്ടത്തലയന്മാര്‍. അതല്ലെങ്കില്‍ ജഡാധാരികളായവര്‍. പഴനിയിലെവിടെ തങ്ങണം, പൂജാ സാമഗ്രികള്‍ എവിടുന്നു വാങ്ങണം, ശാപ്പാട് എവിടന്ന് കഴിക്കണം, അഭിഷേകം എങ്ങിനെ ചെയ്യണം. മുരുക ഭഗവാനെ നേര്‍ക്കുനേരെ എങ്ങിനെ പാര്‍ക്കണം. ഇതിനൊക്കെയുള്ള എളുപ്പ മാര്‍ഗങ്ങള്‍ പറഞ്ഞു തരുന്ന വേല്‍ മുരുകന്റെ ഏജന്റുമാരാണ് അവര്‍. അവരുടെ വാചകത്തിലെങ്ങാനും വീണുപോയാല്‍ പിന്നെ സാക്ഷാല്‍ വടിവേലന്‍ വിചാരിച്ചാലും രക്ഷയില്ല. മൊട്ടയടിച്ച് പുള്ളിയും കുത്തി അണ്ണക്കാവടി എടുപ്പിച്ചേ അവരടങ്ങു.
വണ്ടി പഴനിയോടടുക്കും തോറും മറ്റൊരു വിസ്മയ കാഴ്ചയിലേക്ക് നമ്മള്‍ കണ്ണു തുറക്കും. കണെ്ണത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ വൈദ്യുതി പാടമാണത്. പ്രകൃതി മൊത്തത്തില്‍ കാറ്റാടി തിരിച്ച് കളിക്കുയാണെന്നു തോന്നും. കാറ്റില്‍ നിന്നും വൈദ്യുതി. (നമ്മിളിപ്പോ അട്ടപ്പാടിയിലങ്ങിനെ ഒരു തിരിച്ച്കളി തുടങ്ങിയിട്ടുണ്ട്. അത്രയും നല്ലത്)
വണ്ടി പഴനിയിലെത്തിയാല്‍ യാത്രയുടെ ഒരു ഘട്ടം കഴിഞ്ഞു എന്ന് പറയാം. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ വണ്ടിയുടെ മട്ടും മാതിരിയും വേറെയാണ്. രാമേശ്വരത്തേക്ക് ബലിച്ചോറുണ്ണാന്‍ പോകുന്ന ഒരു കാക്കയുടെ സ്വഭാവമാണ് വണ്ടിക്ക്. ഈ യാത്രയില്‍ എനിക്ക് മധുരയില്‍ ചില ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു.
''പഴനി കാണാത്തവന്‍ പാഴ്. മധുര കാണാത്തവന്‍ മാട്'' എന്നാണ് പഴമൊഴി. അതുകൊണ്ട് ഞാന്‍ മധുരയിലിറങ്ങി.
മധുരയിലിറങ്ങിയാല്‍ പിന്നെ മധുര മീനാക്ഷി അമ്മനെ ഒന്നു മുഖം കാണിക്കാതെ പോവുന്നത് ശരിയല്ലല്ലോ. തിരിച്ചു പോവുമ്പോള്‍ പഴനിയാണ്ടവനേയും ദര്‍ശിക്കാറുണ്ട്. ഈ പ്രാവശ്യവും പതിവ് തെറ്റിക്കണ്ട എന്നു കരുതി ഒരോട്ടോ പിടിച്ച് മീനാക്ഷി ക്ഷേത്രത്തിന്റെ മുന്നിലിറങ്ങി. പതിവിന് വിപരീതമായി അവിടെ തമിഴ്‌നാട് പോലീസുകാരുടെ ഒരു പ്രളയം. വിവരമന്വേഷിച്ചപ്പോ മനസ്സിലായി മീനാക്ഷി അമ്മനെ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഏതോ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രെ. (ഹും.. ഈശ്വരനോടാ തീവ്രവാദികളുടെ കളി) അതുകൊണ്ട് സെക്യൂരിറ്റി കര്‍ശനമാണ്. ബോംബ് സ്‌ക്വാഡ് മെറ്റല്‍ ഡിറ്റക്റ്റര്‍ തുടങ്ങിയ സര്‍വ്വ സന്നാഹങ്ങളുമുണ്ട്.
വരുന്നതുവരട്ടെ. ഏതായാലും ഇതുവരെ വന്നിട്ട് വിചാരിച്ചകാര്യം സാധിക്കാതെ തിരിച്ചുപോവുന്നത് ശരിയല്ല. ഞാന്‍ ഭക്തന്മാരുടെ വരിയില്‍ നിന്നു. കപ്പടാ മീശവെച്ചൊരു കട്ടബൊമ്മന്‍ പോലീസുകാരന്‍ എന്നെ രൂക്ഷമായി നോക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ ഒരു പേടി തോന്നി. അയാളുടെ നോട്ടം എന്റെ ബാഗിലാണ്. ഞാനൊന്നു പരുങ്ങിയോ... (അല്ലെങ്കിലും പോലീസുകാരെ കണ്ടാല്‍ വെറുതെ ഒന്നു പരുങ്ങുന്ന സ്വഭാവം എനിക്ക് പണ്ടേ ഉള്ളതാണ്). കപ്പടാ മീശ എന്റെ അരികിലേക്ക് വന്നു.
''എന്ന ഇന്ത ബാഗില്''?
ഇതിലെന്റെ പണിയായുധങ്ങളും അത്യാവശ്യം ഡ്രസ്സുകളുമാണെന്ന് അറിയാവുന്ന തമിഴില്‍ ഞാന്‍ കാച്ചി.
'മൊബൈല് കിബൈല്... ക്യാമറ കീമറ... തുപ്പാക്കി കിപ്പാക്കി.. വെടി ഗുണ്ട് കിടിഗുണ്ട്..., ബോംബ് കീംബ് ഇതെല്ലാം ഉള്ളൈ കൊണ്ടുപോയി മുടിയാത്'' എന്നായി കട്ടബൊമ്മന്‍.
ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ ബാഗും കൊണ്ട് അകത്തു പോകാന്‍ സമ്മതിക്കില്ല. അപ്പൊ ഞാന്‍ ചോദിച്ചു. ''ഇത് ഏങ്കെ വെക്കും''?!
''അതെല്ലാം എനക്ക് തെരിയാത്'' എന്ന് കട്ടബൊമ്മന്‍.
അപ്പൊ ഞാനൊരു അറ്റകൈ പ്രയോഗം നടത്തി.
''സര്‍, ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്ര സ്ഥാപനത്തിലെ സ്റ്റാഫാണ്. ഇതാ തെളിവ്'' എന്നും പറഞ്ഞ് ഞാനെന്റെ കഉ കാര്‍ഡ് ബൊമ്മന്റെ കൈയില്‍ കൊടുത്തു.
മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോ കട്ടബൊമ്മന്റെ കണ്ണിലൊരു തിളക്കം മിന്നിമറഞ്ഞു. (രാഷ്ട്രീയക്കാരെ പോലെയല്ല പോലീസുകാര്. അവര്‍ക്ക് പത്രക്കാരെ ബഹുമാനിക്കാനും അറിയാം)
പിന്നീടുള്ള സംഭാഷണം സൗഹാര്‍ദപരമായിരുന്നു. ബാഗിന്റെ ഉത്തരവാദിത്വം കട്ടബൊമ്മന്‍ സ്വയം ഏറ്റെടുത്തു. ശേഷം പോയി തൊഴുതുവരാനുള്ള ചെറിയ ഏര്‍പ്പാടുകളും ചെയ്തു തന്നു. ''നല്ല പടിയാ കടവുളെ പാത്ത് അഭിഷേകം പണ്ണി വാങ്കോ'' എന്നൊരു ഉപദേശവും തന്നു. ഞാന്‍ ക്ഷേത്രത്തിന്റെ അകത്തു കടന്നു.
പാരാവാരം പോലെ പരന്നു കിടക്കുന്ന ഒരു അമ്പലമാണ് മധുര മീനാക്ഷി ക്ഷേത്രം. മര്യാദക്ക് ചുറ്റി നടന്നു കാണാനാണെങ്കില്‍ ഒരു ദിവസം പോര. ഞാനൊരോട്ട പ്രദക്ഷിണത്തില്‍ ഭക്തിയെ ചുരുക്കി. ഞാനമ്പലത്തിന്റെ അകത്തായിരുന്നെങ്കിലും എന്റെ മനസ്സ് പുറത്തുള്ള ബാഗിലായിരുന്നു. രണ്ടു മൊബൈലുണ്ട്. ഒന്ന് വില കൂടിയതാണ്. ഒരു ക്യാമറയുണ്ട്. പത്ത് നാലായിരം രൂപയുണ്ട്. തമിഴ്‌നാട് പോലിസിനെ വിശ്വസിക്കാമോ.....? പ്രത്യേകിച്ചും കട്ടബൊമ്മനെ. ബാഗ് മൂപ്പരെ ഏല്‍പ്പിച്ചതിന് തെളിവൊന്നുമില്ല.
കപ്പം ചോദിച്ച വെള്ളക്കാരനോട് പോയി പണി നോക്കാന്‍ പറഞ്ഞ കക്ഷിയാണ് കട്ടബൊമ്മന്‍. ബാഗ് ചോദിച്ച് ചെല്ലുമ്പോ ''എന്ന ബാഗ്.. എന്ത ബാഗ് എന്നൊക്കെ ചോദിച്ചാല്‍ കുടുങ്ങീല്ലെ. ആ ഒരു ബേജാറിന്റെ മുകളില്‍ ചവിട്ടി ഞാന്‍ പുറത്തു കടന്നു.
''എങ്കെ കട്ടബൊമ്മന്‍''? എന്ന മട്ടില്‍ ഞാന്‍ ചുറ്റും നോക്കി.
''ഛെ.. ഒരാളെ അതും ഒരു പോലീസുകാരനെ അകാരണമായി സംശയിച്ചതില്‍ എനിക്കെന്നോട് തന്നെ പുഛം തോന്നി. അതാ നില്‍ക്കുന്നു കട്ടബൊമ്മന്‍.
''സര്‍ ഇവ്വളവു ശ്രീഘ്രം വന്തിട്ടീങ്കളാ...'' എന്ന മുഖവുരയോടെ. അന്താളിപ്പ് മനസ്സില്‍ കടന്നാല്‍ പിന്നെ ഭക്തിയുടെ കാര്യത്തിലും മലയാളി സ്പീഡിലാണ് എന്നു പറയാന്‍ തോന്നി എനിക്ക്.
ബാഗ് തിരിച്ച് തന്ന് കട്ടബൊമ്മന്‍ പറഞ്ഞു.
''എല്ലാം ശരിയാ ഇരുക്കാന്ന് പാരുങ്ക സര്‍''
ഞാന്‍ പറഞ്ഞു! വേണ്ട... (നിങ്ങളുടെ സത്യസന്ധതയെ രണ്ടാമതും പരീക്ഷിക്കുന്നത് പാപമാണ്. നീയാണ് സത്യവാന്‍ ഇരിക്കട്ടെ നിനക്കൊരു നൂറ് രൂപ)
''അയ്യോ ഇതെല്ലാം വേണ്ട സര്‍''
''എന്നു പറഞ്ഞാല്‍ പറ്റില്ല'' (ഇത് കൈക്കൂലിയല്ല. എന്റെ കുറ്റബോധത്തില്‍ നിന്നും എനിക്ക് രക്ഷപ്പെടാന്‍ ഞാന്‍ കണ്ടു പിടിച്ച എളുപ്പ വഴിയാണ്. നീ ഇതു വാങ്ങിയില്ലെങ്കില്‍ അതെന്നെ വേട്ടയാടും) ഞാന്‍ നിര്‍ബന്ധപൂര്‍വ്വം നൂറു രൂപ ബൊമ്മനെ പിടിപ്പിച്ചു.
കട്ടബൊമ്മന്‍ സല്യൂട്ടടിക്കുമോ എന്നു ഞാന്‍ പേടിച്ചു. ഭാഗ്യത്തിന് അതുണ്ടായില്ല. ഞാന്‍ മധുര തീവണ്ടിയാപ്പീസില്‍ വന്ന് പഴനിക്ക് ഒരു ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിലെ ഒരു സിമന്റ് ബെഞ്ചിലിരുന്നു. അവിടെയുമുണ്ട് പോലിസുകാരുടെ ബഹളം. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ ചുറ്റുമൊന്ന് കണേ്ണാടിച്ചു. സ്‌റ്റേഷനില്‍ വിചാരിച്ച തിരക്കില്ല. സീറ്റ് കിട്ടും. സമാധാനമായി.
ഒരഞ്ചു മിനിറ്റ് ഞാനങ്ങനെ ഇരുന്നു കാണണം. ഒരു സ്ത്രീയും രണ്ടു കുട്ടികളും എന്നെ സൂക്ഷിച്ച് നോക്കികൊണ്ട് കടന്നു പോയി. അവര്‍ കുറച്ചു മാറി നിന്നുകൊണ്ട് എന്നെ തന്നെ നോക്കുകയാണ്. അവര്‍ക്ക് പത്തു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. പത്തിനും പന്ത്രണ്ടിനും ഇടയില്‍പ്പെട്ട ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കൂടെയുള്ളത്. ലക്ഷണം കണ്ടിട്ട് സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലേതാണെന്ന് തോന്നുന്നു. ഇവരെന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്?. വേറെ എവിടെയെങ്കിലും വെച്ച് കണ്ട പരിചയമൊന്നും തോന്നുന്നുമില്ല. വീണ്ടും ഒരു വട്ടംകൂടി അവരെന്റെ മുന്നിലൂടെ കടന്നുപോയി. കുട്ടികളെന്നെ തിരിഞ്ഞ് നോക്കുന്നുണ്ട്. എനിക്കെന്തോ ഒരു പന്തികേട് തോന്നി. വീണ്ടുമൊരിക്കല്‍ കൂടി അവരെന്റെ മുന്നിലൂടെ നടന്നപ്പോള്‍ എനിക്ക് ഇരിക്കപൊറുതി മുട്ടി. വിവരം ചോദിച്ചിട്ടു തന്നെ കാര്യം. ഞാനവരുടെ അരികിലേക്ക് ചെന്നു.
''അല്ല പെങ്ങളെ നിങ്ങളെന്നെ കാര്യമായി നോക്കുന്നുണ്ടല്ലോ... എന്താ കാര്യം''?
അവരുടെ മുഖത്ത് ഒരാശ്വാസത്തിന്റെ തിരയിളക്കം.
അവര്‍ ചോദിച്ചു
''മലയാളിയാണ് അല്ലെ''?
''അതുകൊണ്ടാണല്ലോ ഞാന്‍ മലയാളം പറഞ്ഞത്''
''ഞങ്ങളും മലയാളികളാണ്. പാലക്കാട് നല്ലേപ്പുള്ളിയാണ് നാട്''
''നന്നായി. നല്ലേപ്പുള്ളിയില്‍ വേറെ മലയാളികളില്ലാത്തതു കൊണ്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്''?
''അല്ല..'' സങ്കടത്തില്‍ ചാലിച്ച് അവര്‍ പറഞ്ഞു. ''ഒരു മലയാളിയുടെ സങ്കടം മറ്റൊരു മലയാളിക്കല്ലേ അറിയൂ. അതുകൊണ്ടാണ്''.
ഞാന്‍ ചോദിച്ചു. ''എന്തു സങ്കടം''?
സങ്കടത്തിന്റെ സ്വര്‍ണ്ണ ചുരുക്കം (ഡിമാന്റ് അനുസരിച്ച് രത്‌നം, ചെമ്പ് എന്നിങ്ങനെ എന്തു വേണെമെങ്കിലും എഴുതാം).
ഇതാണ്
നല്ലേപുള്ളിക്കാരത്തിയും കുടുംബവും മധുര മീനാക്ഷി അമ്മന്റെ സ്ഥിരം ഭക്തരാണ്. പുള്ളിക്കാരത്തിയുടെ പേരും മീനാക്ഷി എന്നാണ്. വീട്ടിലെ പൂജാമുറിയിലും പ്രധാന ദൈവം മറ്റൊന്നല്ല. പോരാത്തതിന് മധുര മീനാക്ഷി അമ്മന്‍ ഈ വീടിന്റെ ഐശ്വര്യം എന്ന് വാതിലിലും എഴുതി ഒട്ടിച്ചിട്ടുണ്ട്. ഭര്‍ത്താവിന് ഗള്‍ഫിലേക്ക് ഒരു വിസ ഏര്‍പ്പാടാക്കി കൊടുത്തതിലും അമ്മന്റെ ഒരു കടാക്ഷമുണ്ട്. അതു കൊണ്ട് എല്ലാ മാസവും കുളിച്ച് തൊഴാന്‍ കുട്ടികളെയും കൂട്ടി മധുരയില്‍ വരും. പ്രസാദം ഭര്‍ത്താവിന് ഗള്‍ഫിലേക്ക് അയച്ചു കൊടുക്കും. ഇപ്പോഴും വേറെ ഒരു ഉദ്ദേശവും മനസ്സില്‍ വെച്ചിട്ടല്ല മധുരയില്‍ വന്നത്. പക്ഷേ ചതിപറ്റി. പൊള്ളാച്ചിയില്‍ നിന്ന് ഒരുത്തി പിന്നാലെ കൂടി. മധുരയിലെത്തിയപ്പോഴേക്കും ഇണപിരിയാന്‍ പറ്റാത്ത വിധം അടുത്തു. മൂപ്പത്തിയും മധുര മീനാക്ഷി അമ്മന്റെ ഭക്തയാണെന്നറിഞ്ഞപ്പോള്‍ വിശ്വാസം ഇരട്ടിച്ചു. അമ്പലത്തിന്നകത്തേക്ക് മൊബൈലും ബേഗും കൊണ്ടുപോവാന്‍ പാടില്ലെന്ന് പോലീസുകാര് പറഞ്ഞപ്പോ ഏല്‍പ്പിച്ചതേ എനിക്കോര്‍മ്മയുള്ളൂ. എനിക്കിപ്പോഴും ബോധം ശരിക്കും കിട്ടിയിട്ടില്ല. കൈയില്‍ കിടക്കുന്ന വള ഊരി ഏതെങ്കിലും സ്വര്‍ണ്ണക്കടയില്‍ വില്‍ക്കാമെന്ന് വെച്ചതാണ്. പക്ഷേ ഞാനൊരു സ്ത്രീയല്ലെ. പോരാത്തതിന് സമയം രാത്രിയുമാവുകയാണല്ലോ... തമിഴന്മാര് വേറെ വല്ല പണിയും ഒപ്പിച്ചാല്‍ അതും കഷ്~മല്ലേ?. അതുകൊണ്ട് എനിക്കും കുട്ടികള്‍ക്കും പാലക്കാട്ടേക്കുള്ള ടിക്കറ്റെടുത്തു തന്നാല്‍ വളരെ ഉപകാരമാവും. ആയതിന്റെ പണം പാലക്കാട് എത്തിയ ഉടന്‍ തന്നെ ഞാന്‍ തിരിച്ചു തരും. എന്റെ അനിയനെ വിവരമറിയിച്ചിട്ടുണ്ട്. അവന്‍ പണവുമായി പാലക്കാട് വരും. നിങ്ങളെ കണ്ടപ്പോ വിശ്വസിക്കാന്‍ പറ്റുന്ന ആളാണെന്നു തോന്നിയതു കൊണ്ടാണ് നിങ്ങളെ ഞാനും മക്കളും നോക്കിയത്. തെറ്റാണെങ്കില്‍ ക്ഷമിക്കണം, മാപ്പാക്കണം.


ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മലയാളി മറ്റൊരു മലയാളിയെ തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നെന്തു മലയാളി. ഞാന്‍ പാലക്കാട്ടേക്ക് ഒരു ഫുള്ളും രണ്ടാഫും ടിക്കറ്റെടുക്കാനായി എന്റെ ബാഗ് അവരെ ഏല്‍പ്പിച്ച് ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. കൗണ്ടറില്‍ അപ്പോഴേക്കും തരിക്കേടില്ലാത്ത ഒരു വരി രൂപപെട്ടിരിക്കുന്നു. വരിയില്‍ നില്‍ക്കുമ്പോഴാണ് ആലോചിച്ചത്. ഈശ്വരാ എന്റെ ബാഗ്. എന്നെ വിശ്വസിപ്പിച്ച് നല്ലേപ്പുള്ളിക്കാരത്തി അടിച്ചിട്ട് പോവ്വോ...? വരിയില്‍ നില്‍ക്കുന്നവരോട് ഇപ്പോവരാമെന്ന് പറഞ്ഞ് ഓടിവന്ന് ഞാനിരുന്ന സിമന്റ് ബെഞ്ചിലേക്കൊന്ന് പാളി നോക്കി.
ഒന്നും സംഭവിച്ചിട്ടില്ല. തള്ളയും മക്കളും എന്റെ ബേഗിനു കാവലിരിക്കുന്നു. ''ഛ കട്ടബൊമ്മനോട് തോന്നിയ അതേ കുറ്റബോധത്താല്‍ ഞാന്‍ വളരെ ചെറുതായതായി എനിക്കു തോന്നി.
ഞാന്‍ ടിക്കറ്റെടുത്തു. അവരെ ഏല്‍പ്പിച്ചു. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ലെന്ന് കുട്ടികളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. ആദ്യം തിരസ്‌കരിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മൂന്നുപേരും ഭക്ഷണം കഴിച്ചു. അതു കഴിക്കുമ്പോഴും അവരെനിക്ക് നന്ദിയും, പാലക്കാട്ടെത്തിയാല്‍ ചിലവായ മുഴുവന്‍ പണവും തിരിച്ചു തരുമെന്നും ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.
ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇല്ല പെങ്ങളെ ഞാന്‍ പണം വാങ്ങിക്കില്ല. ഇത് നിങ്ങളെ ഞാന്‍ അകാരണമായി സംശയിച്ചതിന്റെ ശിക്ഷയാണ്. അതു മാത്രമല്ല ഞാന്‍ പഴനിയാണ്ടവനെ കാണാന്‍ പഴനിയില്‍ ഇറങ്ങും. നിങ്ങള്‍ നേരെ പാലക്കാട്ടേക്കും...
വണ്ടി വന്നു. ഞാനവരെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് തിരഞ്ഞുപിടിച്ച് അതില്‍ കയറ്റി. രണ്ടു നൂറിന്റെ നോട്ടെടുത്ത് ആണ്‍ കുട്ടിയുടെ കീശയില്‍ തിരുകി കൊടുത്തു. അതൊന്നു വേണ്ടെന്ന് അവര്‍ ശ~ിച്ചു. ഞാന്‍ പറഞ്ഞു. വണ്ടിയില്‍ എന്തെങ്കിലും ആവശ്യം വരും. പാലക്കാട് ചെന്നാല്‍ ഞാന്‍ തിരിച്ചു വാങ്ങിച്ചോളാം. പിന്നൊന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ മറ്റൊരു കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറി. വണ്ടി പഴനിയില്‍ എത്തിയപ്പോള്‍ ഞാനവിടെ ഇറങ്ങി. ഒരു കുതിര വണ്ടിയില്‍ മുരുക സന്നിധിയിലേക്ക് വെച്ചു പിടിച്ചു. സ്ഥിരം തങ്ങാറുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു.
കുറ്റബോധം കൊണ്ടാണെങ്കിലും ചെയ്തതൊക്കെ പുണ്യ പ്രവൃത്തിയാണെന്ന് വിശ്വസിച്ച് കിടന്നുറങ്ങി. കാലത്ത് എഴുന്നേറ്റ് കുളിച്ച് മലകയറി ആറുമുഖനെ കണ്ട് തൊഴുതു.
അടുത്ത വണ്ടിക്ക് പാലക്കാട്ടേക്ക് തിരുച്ചു. വണ്ടിയിലിരുന്നപ്പോള്‍ നല്ലേപ്പുള്ളിക്കാരത്തിയെ കുറിച്ച് ചിന്തിച്ചു. പാവം. പാലക്കാട്ടെത്തിയപ്പോള്‍ കമ്പാര്‍ട്ടുമെന്റായ കമ്പാര്‍ട്ടുമെന്റു മുഴുവനും എന്നെ അന്വേഷിച്ച് നടന്നിട്ടുണ്ടാവും. കാണാതെ വന്നപ്പോള്‍ മധുര മീനാക്ഷി അമ്മ അവരെ സഹായിക്കാന്‍ എന്റെ രൂപത്തില്‍ വന്നതാവും എന്നു വിശ്വസിച്ചിട്ടുണ്ടാവും. അല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലല്ലോ..  നല്ലകാലം ഞാനെന്റെ ഫോണ്‍ നമ്പറും അഡ്രസ്സും ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല.
പത്തു നാന്നൂറ് രൂപ എനിക്കാ വകയില്‍ ചിലവായിട്ടുണ്ടാവും. പക്ഷേ ഞാന്‍ സ്വന്തമായി ചിലവാക്കുന്നതിനേക്കാള്‍ വലിയൊരു സംതൃപ്തി എനിക്കാ വകയില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
വണ്ടി കൂക്കി വിളിച്ച് പാലക്കാട്ടെത്തി. എനിക്ക് യാത്ര ചെയ്യാനുള്ള കണക്ഷന്‍ ട്രൈന്‍ വരാന്‍ പിന്നേയും അരമണിക്കൂര്‍ ബാക്കിയുണ്ട്. എന്നാപിന്നെ ഒരു ചായ കുടിക്കാമെന്നു കരുതി ഞാന്‍ സ്‌റ്റേഷന്റെ പുറത്തുള്ള ഒരു ചായക്കടയിലേക്ക് നടന്നു. അവിടെ നല്ല ചായ കിട്ടും. എരുമ പാലിലാണ് ചായ. വെട്ടി മുറിക്കണം. ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോ ഉറക്കെ എന്റെ പേരു വിളിച്ചു. വിളിച്ച ദിക്ക്‌ലാക്കാക്കി നോക്കി. ആരെയും കണ്ടില്ല. ചിലപ്പോള്‍ തോന്നിയതാവും എന്നു കരുതി. അപ്പോള്‍ വീണ്ടും വിളി. ഞാന്‍ ചുറ്റും നോക്കി. ഒരു ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്നു. അവന്‍ പറഞ്ഞു. ''ഈ പേരിലുള്ള ആള് നിങ്ങള് തന്നെയാണോന്നറിയാന്‍ വേണ്ടി വിളിച്ചതാണ്. ഇപ്പൊ മനസ്സിലായി എനിക്കാള് തെറ്റിയിട്ടില്ല.''!
ഞാന്‍ ചോദിച്ചു. ''നിങ്ങളാരാ...?!
അയാള്‍ പറഞ്ഞു.
''ഞാന്‍ മീനാക്ഷിയുടെ സഹോദരനാണ്. നല്ലേപുള്ളിയാണ് സ്ഥലം. നിങ്ങള്‍ ഇന്നലെ എന്റെ സഹോദരിക്ക് ചെയ്തുകൊടുത്തത് വലിയൊരു സഹായമാണ്. എന്തു പ്രതിഫലം തന്നാലും മതിയാവില്ല. നിങ്ങള്‍ പഴനിയില്‍ വണ്ടിയിറങ്ങിപോവുന്നത് മീനാക്ഷിയും കുട്ടികളും കണ്ടിരുന്നു. അവര്‍ നിങ്ങളെ വിളിച്ചു. പക്ഷേ നിങ്ങള്‍ വിളികേട്ടില്ല. ഏതായാലും മുരുകനെ തൊഴുത് നിങ്ങള്‍ അടുത്ത വണ്ടിക്കു തന്നെ വരുമെന്ന് ഊഹിച്ചു. ഊഹം തെറ്റിയില്ല. വരു മീനാക്ഷി പ്ലാറ്റുഫോമില്‍ കാത്തു നില്‍ക്കുന്നുണ്ട്.
എനിക്ക് എന്താണ് പറയേണ്ടത് എന്ന് നിശ്ചയമില്ലാതെയായി. മീനാക്ഷിയതാ നിറഞ്ഞ നന്ദിയോടെ കാത്തു നില്‍ക്കുന്നു. നന്ദി പ്രകടനത്തിന്റെ ഒരു തിക്ക്മുട്ടല് കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
''ഞാന്‍ ഈ വണ്ടിക്കല്ല വന്നിരുന്നെങ്കില്‍ നിങ്ങളെന്നെ എങ്ങിനെ കണ്ടു പിടിക്കും. ഞാനന്റെ അഡ്രസ്സൊന്നും നിങ്ങള്‍ക്ക് തന്നിട്ടില്ലല്ലോ...?''
അവര്‍ പറഞ്ഞു
''ഈ വണ്ടിക്കും കണ്ടില്ലെങ്കില്‍ നിങ്ങളുടെ പേരും സ്ഥലവും എനിക്കറിയാമല്ലൊ. അടുത്ത ഞായറാഴ്ച അവിടെ വന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ തീരുമാനിച്ചിരിക്ക്യാണ്. ഞങ്ങള്.''
ഞാന്‍ മനസ്സില്‍ പറഞ്ഞു.
മധുരമീനാക്ഷി അമ്മന്‍ തായേ.. ഇത്രയും നിഷ്‌കളങ്കരായ ഭക്ത ജനങ്ങള്‍ രാജ്യത്തുണ്ടെങ്കില്‍ ബോംബല്ല മിസൈല് വെച്ചാലും തകരില്ല ഈശ്വര ചൈതന്യം.

7 comments:

  1. മനോഹരം സുരേട്ടാ
    ആദ്യ ഭാഗം വായിച്ചാല്‍ ശരിക്കും ആ വണ്ടിയില്‍ യാത്ര ചെയ്ത പ്രതീതി
    കട്ടബൊമ്മന് നൂറ് രൂപ കൊടുത്തത് ചീത്ത കീഴ്വഴക്കമായിപ്പോയി
    10 രൂപ കൊടുത്താല്‍ തന്നെ പ്രസാദിക്കും തമിഴ്നാട്ടിലെ പോലീസ്
    എന്തായാലും സന്തോഷം
    സ്നേഹത്തില്‍
    സവാദ് റഹ്മാന്‍

    ReplyDelete
  2. wow amazing, you have a good talent in writing.....

    ReplyDelete
  3. വിശദമായ ഓര്‍മകള്‍. അസൂയ തോന്നുന്നു താങ്കളോട്. പഴനിയാത്രയെപ്പറ്റിയുള്ള എന്റെ പോസ്റ്റിന് ജീവനേകാന്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഞാനതില്‍ കൊടുത്തിട്ടുണ്ട്.


    ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയുമൊപ്പം ഈ ദൂരം പിന്നിട്ടത് തീവണ്ടിയിലൂടെയായിരുന്നു. പാലക്കാട് നിന്നും ചൂളം വിളിച്ച് പുകതുപ്പിയോടുന്ന പണ്ടത്തെ മീറ്റര്‍ ഗേജ് തീവണ്ടികള്‍ പഴനി വരെയോ ദിണ്ടിഗല്‍ വരെയോ പോയെയ്ക്കും . അതില്‍ കയറിയിരിക്കുന്നവര്‍ ഒട്ടുമുക്കാലും വടക്കന്‍ കേരളത്തില്‍ നിന്നും പഴനിയിലേയ്ക്കുള്ള തീര്‍ഥാടകരാവും. പലപ്പൊഴും ആഴ്ചകള്‍ നീളുന്ന നോല്‍മ്പിനൊടുവില്‍ കാവിയുടുത്ത് കാവടിയെടുത്ത് കുടുംബസമേതം മലചവിട്ടാനൊരുങ്ങിയവര്‍. വഴിയിലെ സ്റ്റേഷനുകളില്‍ നിന്നും ചായയോ കാപ്പിയോ വടയോ സര്‍വത്തോ ഒക്കെ വാങ്ങിത്തിന്നുന്നത് കുട്ടികളെ (വലിയവരെയും!) സംബന്ധിച്ചിടത്തോളം തീര്‍ഥാടനത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അച്ഛനമ്മമാരാവട്ടെ അവരുടെ മടിശ്ശീല അനുവദിക്കുവോളം കുട്ടികളുടെ ആഗ്രഹം സാധിപ്പിക്കും . ഇടക്കിടക്ക് വലിയ കൊട്ടകളില്‍ കൊയ്യാപ്പളം (പേരക്ക) നിറച്ച് തമിഴത്തിപ്പെണ്ണുങ്ങള്‍ തീവണ്ടിയില്‍ കയറും. ചിലപ്പോള്‍ പേരക്കക്ക് പകരം പനനൊങ്കാവും അവരുടെ കുട്ടകളില്‍. കേരളത്തിന്റെ അതിരാണ് മുതലമട. അവിടെ എത്താറായാല്‍ എനിക്ക് കൂടുതല്‍ ആവേശമാണ്. അതല്‍പം വലിയ സ്റ്റേഷനാണ്. വലിയ അത്തിമരങ്ങളും പേരാലുകളും വരിവരിയായി നില്‍ക്കുന്നു. അവയ്ക്ക് ഇരുവശവുമാണ് രണ്ട് ലൈനുകള്‍. അവിടെ വെച്ചാവും മിക്കവാറും എതിര്‍ദിശയില്‍ നിന്നും വരുന്ന തീവണ്ടി കടന്നുപോവുക. മറ്റൊരു കല്‍ക്കരിവണ്ടി. അവയുടെ പിസ്റ്റണുകള്‍ ചലിക്കുന്ന കാഴ്ച. ഒരു ദിവസം ഞാന്‍ കണ്ടത് എതിരേ ചൂളം വിളിച്ച് വരുന്ന ഒരു മീറ്റര്‍ഗേജ് ഡീസല്‍ എഞ്ചിനാണ്. ഞാന്‍ ഏറെ അതിശയത്തോടെ ആ കാഴ്ച കണ്ടുനിന്നു. ഒരു കാലഘട്ടത്തിന്റെ അവസാനമായിരുന്നു ഞാന്‍ കണ്ട കാഴ്ച. അടുത്ത കൊല്ലം മുതല്‍ ഞാന്‍ കല്‍ക്കരിയെഞ്ചിനുകള്‍ ഓര്‍മയില്‍ പുനസൃഷ്ടിച്ചു കൊണ്ടിരുന്നു.

    ഇപ്പോള്‍ എന്റെ കുഞ്ഞുമൊത്തുള്ള ഈ യാത്രയില്‍ ഞാന്‍ തീവണ്ടികള്‍ കാണില്ല. വേഗം കുറഞ്ഞ് തീവണ്ടികളോടുന്ന മീറ്റര്‍ ഗേജ് പാളങ്ങളും അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു.

    ReplyDelete
  4. ഒരുപാട് നന്നായിട്ടുണ്ട് , ഞാന്‍ പോയി വന്നപോലെ ....... കൊള്ളാം

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. ഹൃദയം തൊട്ട രചന
    Proud of you

    ReplyDelete
  7. This comment has been removed by the author.

    ReplyDelete